Thursday, 6 March 2014

വീടുകള്‍ പ്രണയിക്കുന്ന വിധം

അടുക്കള സ്വപ്നം കാണുന്നുണ്ട്,
അടുപ്പുകൊണിനടുത്ത്
ചുവന്ന നിറമുള്ള ഒരു പൂവ്.

കിടപ്പുമുറി,
മഞ്ഞനിറമുള്ള ഒരു പൂമ്പാറ്റയെ
അതിനോടു ചേര്‍ത്തുവെക്കുന്നുണ്ട്.

സ്വീകരണമുറി,
വിളിച്ചിരുത്തുന്നുണ്ട്
പൂന്തോപ്പിലൂടെ ഒഴുകിയെത്തിയ
കാറ്റിനെ.

പുറത്തേക്കു വിരിയുന്നുണ്ട്
പൂമുഖത്തെ
നാലിതളുള്ള ജാലകം.

ഞാനത് ചെവികൊണ്ട്
കേള്‍ക്കാതിരിക്കും.
നീയത് കണ്ണുകൊണ്ട്
കാണാതിരിക്കും.

എങ്കിലും,
ഇടനാഴിയിരുട്ടില്‍
വിങ്ങുന്ന മിടിപ്പുകള്‍
ഒരു ഹൃദയത്തെ
അടയാളപ്പെടുത്തിക്കൊണ്ടിരിക്കും.