Thursday 6 March 2014

വീടുകള്‍ പ്രണയിക്കുന്ന വിധം

അടുക്കള സ്വപ്നം കാണുന്നുണ്ട്,
അടുപ്പുകൊണിനടുത്ത്
ചുവന്ന നിറമുള്ള ഒരു പൂവ്.

കിടപ്പുമുറി,
മഞ്ഞനിറമുള്ള ഒരു പൂമ്പാറ്റയെ
അതിനോടു ചേര്‍ത്തുവെക്കുന്നുണ്ട്.

സ്വീകരണമുറി,
വിളിച്ചിരുത്തുന്നുണ്ട്
പൂന്തോപ്പിലൂടെ ഒഴുകിയെത്തിയ
കാറ്റിനെ.

പുറത്തേക്കു വിരിയുന്നുണ്ട്
പൂമുഖത്തെ
നാലിതളുള്ള ജാലകം.

ഞാനത് ചെവികൊണ്ട്
കേള്‍ക്കാതിരിക്കും.
നീയത് കണ്ണുകൊണ്ട്
കാണാതിരിക്കും.

എങ്കിലും,
ഇടനാഴിയിരുട്ടില്‍
വിങ്ങുന്ന മിടിപ്പുകള്‍
ഒരു ഹൃദയത്തെ
അടയാളപ്പെടുത്തിക്കൊണ്ടിരിക്കും.  

Thursday 22 March 2012

തിരികെയാത്രകള്‍

മഴയായ്‌ പെയ്തത്
പിണങ്ങിക്കലങ്ങി
കടലില്‍ ചാടിയ പുഴ.

മരമായ്‌ മുളച്ചത്
പൊട്ടിത്തെറിച്ച്
മണ്ണിനെ പ്രേമിച്ച വിത്ത്.

മഴതോര്‍ന്നിട്ടും
പെയ്യുന്ന മരച്ചുവട്ടില്‍
ഒരു പുഴ വെറുതെ
പിണങ്ങാന്‍ തുടങ്ങുന്നു.

മരക്കൊമ്പിലൊരു വിത്ത്
കടക്കണ്ണില്‍ മണ്ണിനെ കാണുന്നു.

കടല്‍ത്തീരത്ത്
നീയും ഞാനും
കൈകൊര്‍ത്തിരിക്കുന്നു.

Thursday 16 February 2012

ലെസ്ബിയന്‍

ഇരുട്ടും ഞാനും
പെണ്ണുങ്ങളാണെങ്കിലും
അവളോടെനിക്ക്
കാമമാണ്.

അതുകൊണ്ടാണ്
തെരുവുവിളക്കെ,
കപടതയുടെ
കൊക്കിന്‍ കാലില്‍
എന്‍റെ മുറിയുടെ
ജാലകത്തോളം
എത്തിനില്‍ക്കുന്ന
നിന്‍റെ മഞ്ഞിച്ച
ആഭാസക്കണ്ണ്‍ ഞാന്‍
എറിഞ്ഞു പൊട്ടിച്ചത്.

Tuesday 14 February 2012

നോട്ടം

ഞാന്‍
 ശൂന്യതയിലേക്കാണ്
നോക്കുന്നത്.
ഞങ്ങള്‍ക്കിടയില്‍
ജീവിതത്തിന്റെ
നിറവുമായി
നീയെന്തിനാണിങ്ങനെ
വിലങ്ങനെ
നില്‍ക്കുന്നത്‌......  ?

മഴ

ഇലത്തളിരുകള്‍,
മുളപൊട്ടാനിരിക്കുന്ന
ഒരു ശിഖരം
പരുക്കന്‍
നിമ്നോന്നതങ്ങള്‍
മാദകച്ചുഴികള്‍
മരത്തിന്‍റെ എത്ര
രഹസ്യങ്ങളിലൂടെയാണ്
ഈ മഴ
ഉരുകിയൊലിക്കുന്നത്

കള്ളി

ഒത്തമാറളവ്.
ആലില വയറളവും
തുല്യം
തുടവണ്ണവും പുറകും
അതിലേറെ കൃത്യം.
അങ്ങനെയൊരുനാള്‍
പ്രണയം
കാമത്തിന്റെ കുപ്പായം
കട്ടെടുത്തു.